Thursday, 16 January 2020

നേത്രദാനം: വെളിച്ചം പകരാൻ അറിയേണ്ടതെല്ലാം

മരണശേഷം അവയവങ്ങൾ ദാനം ചെയ്യുന്ന ഒരുപാട് കഥകളും പത്രവാർത്തകളും നമ്മൾ വായിക്കാറുണ്ട്. എന്നാൽ ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് തങ്ങളുടെ ഒരു അവയവം ദാനം ചെയ്യാൻ മുന്നോട്ടു വരുന്നവരുടെ എണ്ണം വളരെ ചുരുങ്ങിയതാണ്. അവയവ ദാനത്തിനേക്കുറിച്ചു കൃത്യമായ അവബോധം ഇല്ലാത്തതാണ് ഇതിനു കാരണം. നമ്മുടെ അവയവങ്ങൾ ദാനം ചെയ്തു മറ്റൊരാളെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരുന്നതിലൂടെ നമ്മളും പുനർജനിക്കുകയാണ്. ഇത്തരത്തിൽ കാഴ്ചയില്ലാത്ത ഒരാൾക്ക് കണ്ണ് ദാനം ചെയ്യുമ്പോൾ അവരുടെ ജീവിതത്തിൽ നമ്മൾ വെളിച്ചം പകരുകയാണ്. 

 നേത്രദാനം


എന്താണ് നേത്രദാനം? നേത്രദാനത്തെ കുറിച്ച് ദാനം ചെയ്യുന്ന ആളും കുടുംബവും അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെയെന്ന് ഇനി പറയുന്നു.

എന്താണ് നേത്രദാനം? 

മരണശേഷം ഒരാളുടെ നേത്രങ്ങള്‍ കുടുംബത്തിന്റെ സമ്മതത്തോടെ, മറ്റൊരാള്‍ക്ക് ശസ്ത്രക്രിയയിലൂടെ മാറ്റിവെച്ചു കൊടുക്കുന്നതാണ് നേത്രദാനം. ഈ പ്രക്രിയയെ കെരാറ്റോപ്ലാസ്റ്റി അല്ലെങ്കില്‍ കോർണിയൽ ട്രാൻസ്പ്ലാന്റേഷൻ എന്നാണ് പറയുന്നത്. ഒരാളുടെ കണ്ണുകൾ കൊണ്ട് രണ്ടുപേർക്കു കാഴ്ച ലഭിക്കും. 

ഇന്ത്യയില്‍ 1000 പേരില്‍ 15 പേര്‍ അന്ധരാണെന്നാണ് കണക്ക്. മൊത്തം 12 ദശലക്ഷം 
അന്ധര്‍ രാജ്യത്തുണ്ട്. ഇവരില്‍ 20 ലക്ഷത്തോളം പേര്‍ നേത്രപടലം മാറ്റിവെക്കാൻ കാത്തിരിക്കുന്നവരാണ്. അപകടം മൂലമോ മറ്റു കാരണങ്ങൾ കൊണ്ടോ മരിക്കുന്നവരുടെ ശരീരത്തിൽ നിന്നുപോലും നേത്രപടലം എടുത്ത് ചികിത്സ ആവശ്യങ്ങൾക്കായി ഉപയോഗിക്കാം എന്ന് നിയമം ഉണ്ട്. എന്നിരുന്നാലും വേണ്ടത്ര കണ്ണുകൾ കിട്ടുന്നില്ല എന്നതാണ് പ്രശനം. 

കണ്ണല്ല, നേത്രപടലമാണ് എടുക്കുന്നത് 

നേത്രദാനത്തിലൂടെ നേത്രപടല(cornea)മാണ് മാറ്റിവെക്കുന്നത്. കൃഷ്ണമണിക്കു മുകളിലെ നേര്‍ത്ത സുതാര്യമായ ഭാഗമാണ് നേത്രപടലം. കണ്ണ് മുഴുവനായെടുത്ത് മറ്റൊരാള്‍ക്ക് വച്ചുപിടിപ്പിക്കാനാകില്ല. നേത്രപടലത്തില്‍ വെളുത്ത പാടുകള്‍ വീഴുക, പോഷകാഹാരക്കുറവ്, കണ്ണിലെ അണുബാധ, പരിക്കുകള്‍ തുടങ്ങിയവയാണ് നേത്രപടല അന്ധതയ്ക്കുള്ള പ്രധാന കാരണങ്ങള്‍. നേത്രപടലം മാറ്റിവെയ്ക്കല്‍ മാത്രമാണ് ഇതിന്റെ പരിഹാരം.

നേത്രദാനത്തിനു സജ്ജരാകുന്നവര്‍ അറിയേണ്ടത്:

1. ജീവിച്ചിരിക്കുമ്പോള്‍ തന്നെ നേത്രദാന സമ്മതപത്രം പൂരിപ്പിച്ചു നല്‍കാം.
2. നേത്രപടലം എടുക്കുന്നത് അര മണിക്കൂര്‍ മതിയാകുന്ന ചെറിയ പ്രക്രിയയാണ്. 
3. പ്രായം, ലിംഗഭേദം, രക്തഗ്രൂപ്പ് എന്നിവയൊന്നും നേത്രദാനത്തിനു തടസ്സമല്ല. 
4.എച്ച്ഐവി-എയ്ഡ്സ്, ടിബി, കാന്‍സര്‍ എന്നിവായുള്ളവരുടെ കണ്ണുകൾ ദാനം ചെയ്യരുത്. 
5.കണ്ണട ഉപയോഗിക്കുന്നതോ തിമിരബാധയോ പ്രമേഹമോ രക്തസമ്മര്‍ദ്ദമോ നേത്രദാനത്തിനു തടസ്സമല്ല. 

കുടുംബാംഗങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

1. മരണശേഷം 2-6 മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ണുകള്‍ ദാനംചെയ്തിരിക്കണം.
2. മൃതദേഹം കിടത്തിയിരിക്കുന്ന മുറിയിൽ ഫാൻ പ്രവർത്തിപ്പിക്കരുത്.
3.എസിയോ കൂളറോ പ്രവർത്തിപ്പിക്കാം   
4. കൺപോളകൾ മൃദുവായി അടക്കുക 
5. മൃദുവായ തുണി കൊണ്ട് ഇടക്ക് നനക്കുന്നത് നല്ലതാണ്
6.നേത്രപടലം എടുക്കുന്നത് കൊണ്ട് മുഖത്തിനു അഭംഗി വരികയോ, സംസ്കാരത്തിന് പ്രശ്നങ്ങൾ വരികയോ ഇല്ല.
7.വ്യക്തിയുടെ മരണശേഷം കുടുംബാംഗങ്ങള്‍ അടുത്തുള്ള നേത്രബാങ്കിനെ അറിയിച്ചാല്‍ ഡോക്ടര്‍ വന്ന് നേത്രപടലം എടുക്കും.

പ്രായഭേദമെന്യേ ഏതൊരാൾക്കും നേത്രദാനം ചെയ്യാവുന്നതാണ്. ഏതെങ്കിലും ഐ ബാങ്കുകളിലോ സർക്കാർ ആശുപത്രികളിലോ ഇതിനായി രജിസ്റ്റർ ചെയ്യാനുള്ള സൗകര്യമുണ്ട്. മരണപ്പെട്ടയാളുടെ ബന്ധുക്കളുടെ സമ്മതത്തോടെയും കണ്ണുകൾ ദാനം ചെയ്യാം. 

ദാനമായി ലഭിക്കുന്ന നേത്രങ്ങള്‍ നേത്രബാങ്കില്‍ സൂക്ഷിക്കുകയും ആവശ്യമായ പരിശോധനകള്‍ക്കു ശേഷം 72 മണിക്കൂറിനുള്ളില്‍ വെച്ചുപിടിപ്പിക്കുകയും ചെയ്യുന്നു. ദാനം ചെയ്യപ്പെടുന്ന നേത്രങ്ങള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുന്നത് നിയമപരമായി ക്രിമിനല്‍ കുറ്റമാണ്.


നിങ്ങൾക്കോ നിങ്ങളുടെ സ്നേഹിതർക്കോ നേത്രദാനത്തിന് താല്പര്യമുണ്ടെങ്കിൽ ഡോ. ടോണി ഫെർണാണ്ടസ് ഐ ഹോസ്പിറ്റലിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദർശന ഐ ബാങ്ക് നിങ്ങളെ സഹായിക്കും.

Blog reviewed By: Dr.S Tony Fernandez
Mail Us @ tonyseyehospital@gmail.com

1 comment:

  1. Nice Blog. I really appreciate the way you are spreading the useful knowledge. Thanks for sharing it with us. Visit the best Eye Hospital in Ludhiana for the best eye treatments.

    ReplyDelete